തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ, ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ പെതുകേന്ദ്രങ്ങൾ, മാർക്കറ്റുകൾ, എല്ലാ എൽപിജി ഗോഡൗണുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസർമാർ കണ്‍വീനറായ സ്ക്വാഡ് അടുത്തമാസം ഒന്നു മുതൽ നിരീക്ഷണം തുടങ്ങാനും ജില്ലാ സപ്ലൈ ഓഫീസർമാരുടെ യോഗത്തിൽ മന്ത്രി നിർദേശിച്ചു.
ക്രമക്കേടു കണ്ടാൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും നടന്നു. ഓണക്കാലത്ത് ആവശ്യമുള്ള ഭക്ഷ്യധാന്യ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.
30 ഉന്നതികളിലേക്ക് സൗജന്യമായി റേഷൻ എത്തിക്കാനുള്ള ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലാണ്. അടുത്തമാസം 15 നകം നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.